കോയമ്പത്തൂർ: ചോദ്യം ചെയ്യലിനായി പിടികൂടിയയാൾ ഉദുമൽപേട്ട് വനംവകുപ്പ് ഓഫീസിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞു. പുലിയുടെ പല്ല് കൈവശം സൂക്ഷിച്ചുവെന്നാരോപിച്ച് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മാരിമുത്തുവിന്റെ മൃതദേഹമാണ് ഉദുമൽപേട്ട് വനം വകുപ്പ് ഓഫീസിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ആനമല കടുവ സംരക്ഷണ കേന്ദ്രത്തിലെ ഉദുമൽപേട്ട് വന സംരക്ഷണ കേന്ദ്രത്തിന് കീഴിലുള്ള കരുമുട്ടി, അപ്പർ കുറുമല പ്രദേശത്തെ താമസക്കാരനാണ് 48 കാരനായ മാരിമുത്തു മുതുവാൻ ഗോത്ര വിഭാഗത്തിൽ പെട്ടയാളായിരുന്നു.
ഉദുമൽപേട്ടയിൽ നിന്ന് മൂന്നാറിലേക്ക് മടങ്ങുമ്പോൾ,ഇന്നലെ വൈകുന്നേരം 5 മണിക്ക് സംസ്ഥാന അതിർത്തി പ്രദേശമായ ചിന്നാറിലെ ഒരു ചെക്ക് പോയിന്റിൽ കേരള എക്സൈസ് വകുപ്പ് (മൂന്നാർ സർക്കിൾ) ഉദ്യോഗസ്ഥർ ബസ് തടഞ്ഞുനിർത്തി യാത്രക്കാരുടെ സാധനങ്ങൾ പരിശോധിച്ചു.
തിരച്ചിലിനിടെ, മാരിമുത്തുവിന്റെ കൈവശം പുള്ളിപ്പുലിയുടെ പല്ലുപോലുള്ള വസ്തു കണ്ടെത്തി. തുടർന്ന് മാരിമുത്തുവിനെ കേരള വനം വകുപ്പിന് കൈമാറി. തമിഴ്‌നാട്ടിലെ ഉദുമൽപേട്ട് വനം വകുപ്പിന് കൈമാറി എന്നും തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
മാരിമുത്തുവിനെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിനായി ഉടുമല ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുവരികയും ചെയ്ത് ഉദ്യോഗസ്ഥർ സ്ഥലം വിട്ടതിനുശേഷം, മാരിമുത്തു ടോയ്‌ലറ്റിലേക്ക് കയറിയതായി റിപ്പോർട്ടുകൾ പറയുന്നു. വളരെ നേരം കഴിഞ്ഞിട്ടും പുറത്തുവരാതിരുന്നപ്പോൾ, വനംവകുപ്പ് ജീവനക്കാർവാതിൽ ബലമായി തുറന്നപ്പോൾ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് തമിഴ്‌നാട് വനം വകുപ്പിന്റെ ഭാഷ്യം.
വനം വകുപ്പ് ജീവനക്കാവർ ഉടൻ തന്നെ ഉടുമല പോലീസിൽ വിവരമറിയിച്ചു. ഉടുമല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും മറ്റ് പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹം പരിശോധിക്കുകയും ഉടുമല സർക്കാർ ആശുപത്രിയിലേക്ക് അയയ്‌ക്കുകയും ചെയ്തു, അതേസമയം പിതാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാരിമുത്തുവിന്റെ മകൾ എം സിന്ധു ഉദുമൽപേട്ട് പോലീസിൽ പരാതി നൽകി. വ്യാഴാഴ്ച കുടുംബത്തെ അറിയിക്കാതെ വനംവകുപ്പുദ്യോഗസ്ഥർ പിതാവിനെ നിയമവിരുദ്ധമായി തടങ്കലിൽ വച്ചതായും വെള്ളിയാഴ്ച മാത്രമാണ് അദ്ദേഹം മരിച്ചതെന്ന് പ്രഖ്യാപിച്ചതെന്നും കുടുംബം ആരോപിക്കുന്നു