ഇടുക്കി : ആരാധാനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവിനെ പിടികൂടുന്നതിന് നേതൃത്വം നൽകിയ പെരുവന്താനം പോലീസ് ഇൻസ്‌പെക്ടർ ത്രീദീപ് ചന്ദ്രന് ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണുപ്രദീപ് ടി കെ ഐ പി എസ് പ്രശംസാപത്രം നൽകി അഭിനന്ദിച്ചു. 2025 മെയ് 29 ന് രാത്രി പെരുവന്താനം ബോയ്സ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും 10000 രൂപാ വില വരുന്ന സ്വർണ ആഭരണവും, 40,000/- രൂപയും അപഹരിച്ച തമിഴ്നാട് മധുര സ്വദേശിയായ ശരവണപാണ്ഡ്യൻ എന്ന് വിളിക്കുന്ന രാമകൃഷ്ണൻ (39) എന്ന പ്രതിയെ പെരുവന്താനം പോലീസ് തമിഴ്നാട്ടിലെ ഉത്തമപാളയത്തു നിന്നും ആണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ 2009-ൽ കടകൾ കുത്തിപ്പൊളിച്ച് മോഷണം നടത്തിയതിന് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പാലാ, പൊൻകുന്നം, പോലീസ് സ്റ്റേഷനുകളിൽ 14 കേസുകൾ നിലവിലുണ്ട്. 2019 പൊൻകുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽ ക്ഷേത്രമോഷണം നടത്തിയതിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തമിഴ്നാട് തഞ്ചാവൂർ, തേനി ജില്ലകളിലായി 13 മോഷണ കേസുകളിലും ഇയാൾ പ്രതിയാണ്. 2025 മെയ് മാസം ഇടുക്കി ജില്ലയിലെ പാമ്പനാർ, കോട്ടയം ജില്ലയിലെ രാമപുരം, ജൂൺ മാസം എരുമേലി മുക്കൂട്ടുതറ, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലും മോഷണം നടത്തിയതായി കുറ്റസമ്മതം നടത്തിയിട്ടുണ്ട് .
പെരുവന്താനം പോലീസ് ഇൻസ്‌പെക്ടർ ത്രീദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ സതീശൻ എം ആർ, സബ് ഇൻസ്‌പെക്ടർ സുബൈർ സിവിൽ പോലീസ് ഓഫീസർമാരായ സുനീഷ് നായർ, തോമസ് എന്നിവരെ ഉൾപ്പെടുത്തി അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശ്രമകരമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്