മയോകാര്‍ഡിയല്‍ ഇന്‍ഫാക്ഷന്‍ അല്ലെങ്കില്‍ സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് സംഭവിക്കുന്നത് നമ്മള്‍ അറിയാതെയാണ്. നെഞ്ചുവേദനയില്ല, അപ്രതീക്ഷിതമായി തളര്‍ന്ന് വീഴില്ല.. സ്ഥിരമായി ഇസിജി എടുത്താലും അത് മനസിലാക്കാന്‍ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. സൈലന്റ് അറ്റാക്കിന്റെ ആരംഭത്തില്‍ തന്നെ ശരീരം ചില അടയാളങ്ങള്‍ കാണിക്കും. എന്നാല്‍ മിക്കപ്പോഴും ആളുകള്‍ അതിനെ അവഗണിക്കുകയാണ് ചെയ്യുക.
പൊതുവായി സൈലന്റ് അറ്റാക്ക് ഉണ്ടാവുന്നതിന്റെ ലക്ഷങ്ങളില്‍ പ്രധാനപ്പെട്ടതെന്ന് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്, അസാധാരണമായ ക്ഷീണമാണ്. ശരീരം നല്‍കുന്ന ഈ മുന്നറിയിപ്പ്് സ്ഥിരം നമുക്ക് ഉണ്ടാകുന്ന ക്ഷീണമാണെന്ന് കരുതരുത്. നന്നായി റെസ്റ്റ് എടുത്താലും ഉറങ്ങി എഴുന്നേറ്റാലും പിന്നെയും വല്ലാത്തൊരു ക്ഷീണം അനുഭവപ്പെടാം. ഇതിന് കാരണം നിങ്ങളുടെ ഹൃദയം മതിയായ രീതിയില്‍ രക്തം പമ്പ് ചെയ്യുന്നില്ല എന്നതാണ്. മസിലുകളിലേക്കും മറ്റ് അവയവങ്ങളിലേക്കും മതിയായ അളവില്‍ ഓക്‌സിജന്‍ എത്താതിരിക്കുമ്പോള്‍ നല്ല ക്ഷീണം തോന്നും. സാധാരണ ജോലികള്‍ ചെയ്താലും വെറുതെയിരുന്നാലും ക്ഷീണമായിരിക്കും. ശ്വാസംമുട്ടുന്നതായും എന്തെങ്കിലും ചെറിയ ജോലികള്‍ ചെയ്താലും വയ്യാതാവുന്ന അവസ്ഥയും നിങ്ങള്‍ അനുഭവിക്കുന്നുണ്ടാവും. പക്ഷേ ഇതൊന്നും നിങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ല.
അഴ്ചകളോളം അല്ലെങ്കില്‍ ദിവസങ്ങളോളം ഈ ലക്ഷണങ്ങളുണ്ടാകും. എന്നും ക്ഷീണവും സമ്മര്‍ദ്ദവും. ഉറങ്ങിയില്ലെന്നും പനിയാണെന്നുമൊക്കെ കരുതും. കാരണം വലിയ രീതിയിലുള്ള നെഞ്ചുവേദനയോ മറ്റ് ലക്ഷണങ്ങളോ ഇല്ലാത്തതിനാല്‍ ഈ അടയാളങ്ങളെയൊക്കെ അവഗണിക്കും. നെഞ്ചിലൊരു ഭാരം തോന്നും, എന്തോ വച്ച് അമര്‍ത്തുന്നത് പോലെ അപ്പോഴും വളരെ കുറഞ്ഞ വേദന മാത്രമേ ഉണ്ടാവുകയുള്ളു. ചെറിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പോലുമുണ്ടാകുന്ന ശ്വാസംമുട്ടലിനെ കാര്യമാക്കണം. മോണ, കഴുത്ത്, പുറംഭാഗം, കൈകള്‍ എന്നിവിടങ്ങളിലെ വേദന, ഇതൊക്കെ മസിലിന്റെ എന്തെങ്കിലും പ്രശ്‌നമാണെന്ന് കരുതി തള്ളിക്കളയരുത്. തലകറക്കം, തലയ്ക്ക് വലിയ ഭാരം തോന്നാത്ത അവസ്ഥ, ഒന്നും ചെയ്തില്ലെങ്കിലും വിയര്‍ക്കുക, അസിഡിറ്റിയാണെന്ന് കരുതി സമാധാനിക്കുന്ന ദഹനക്കേടും ഓക്കാനവും, ഉറക്കമില്ലായ്മയും ക്ഷീണത്തോടെ രാവിലെ എഴുന്നേല്‍ക്കുന്ന അവസ്ഥ ഇതൊക്കെ ശരീരം നല്‍കുന്ന സൂചനകളായിരിക്കാം
പ്രമേഹമുള്ളവര്‍, അമിത രക്തസമ്മര്‍ദവും കൊളസ്‌ട്രോളുമുള്ളവര്‍, അനാരോഗ്യകരമായ രീതികള്‍ പിന്തുടരുന്നവര്‍, പ്രായമായവര്‍, കുടുംബത്തില്‍ ഹൃദ്രോഗം മറ്റാര്‍ക്കെങ്കിലും വന്നിട്ടുള്ളവരെല്ലാം ഇത്തരം ലക്ഷണങ്ങള്‍ അവഗണിക്കാനേ പാടില്ല. മറുവശത്ത് സ്ത്രീകളാണെങ്കില്‍ ഉത്കണ്ഠയോ സമ്മര്‍ദ്ദമോ ആണെന്ന് കരുതിയാകും ഈ ലക്ഷണങ്ങള്‍ അവഗണിക്കുക.. അങ്ങനെ ചെയ്യാന്‍ പാടില്ല.ആരോഗ്യ പരിശോധനകള്‍ മുടക്കാതിരിക്കുക, നല്ലരീതിയിലുള്ള ജീവിതശൈലി പിന്തുടരുക, കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുക എന്നിവയാണ് ഇത്തരം അവസ്ഥകള്‍ കൂടുതല്‍ സങ്കീര്‍ണമാവുന്നതില്‍ നിന്നും തടയാന്‍ സഹായകരമാകുക.