കരട് വോട്ടര്‍ പട്ടിക എല്ലാവരും പരിശോധിച്ച് വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്ന് ഉറപ്പു വരുത്തണമെന്നും ഇല്ലെങ്കില്‍ പേരു ചേര്‍ക്കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം കൈക്കൊള്ളണമെന്നും ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി അഭ്യര്‍ഥിച്ചു. ഇടുക്കി കളക്ടറേറ്റില്‍ ആരംഭിച്ച വോട്ടര്‍ ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. പേര് ചേര്‍ക്കുന്നതിന് പുറമെ, പട്ടികയില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താനും അവസരമുണ്ടെന്നും എല്ലാവരും ഇത് പ്രയോജനപ്പെടുത്തണമെന്നും കളക്ടര്‍ പറഞ്ഞു.
 
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാനും പേര് ചേര്‍ക്കുന്നതിനും മേല്‍വിലാസം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുന്നതിനുമുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം വോട്ടര്‍ ഹെല്‍പ്പ് ഡെസ്‌ക് വഴി ലഭിക്കും. ജൂലൈ 23നാണ് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. 
 
പേര് ചേര്‍ക്കുന്നതിനും പട്ടികയില്‍ ഭേദഗതി വരുത്തുന്നതിനും ഒരു വാര്‍ഡില്‍ നിന്ന് മറ്റൊരു വാര്‍ഡിലേക്കോ പോളിംഗ് സ്റ്റേഷനിലേക്കോ സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനുമുള്ള അപേക്ഷകള്‍ വ്യാഴാഴ്ച (ആഗസ്റ്റ് 7) വരെ നല്‍കാം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. 2025 ജനുവരി ഒന്നിനോ അതിന് മുന്‍േപാ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് പേര് ചേര്‍ക്കാം. 
 
പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് പ്രിന്റൗട്ട് ഒപ്പിട്ട് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് ലഭ്യമാക്കണം. വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കുന്നതിനുള്ള അപേക്ഷകളും ആക്ഷേപങ്ങളും നേരിട്ടോ തപാലിലൂടെയോ നല്‍കുന്നതും സ്വീകരിക്കും. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോര്‍പ്പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് 15 ദിവസത്തിനകം അപ്പീല്‍ നല്‍കാം.
 
വാര്‍ഡ് പുനര്‍വിഭജനത്തെ തുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങളില്‍ നിലവില്‍ ഉണ്ടായിരുന്ന വോട്ടര്‍പട്ടിക പുതിയ വാര്‍ഡുകളില്‍ ഡീലിമിറ്റേഷന്‍ ഉത്തരവ് അടിസ്ഥാനമാക്കിയാണ് പുനക്രമീകരിച്ചത്. നിലവിലെ വോട്ടര്‍പട്ടിക പുതിയ വാര്‍ഡുകളില്‍ പുനക്രമീകരിച്ചതില്‍ പിശക് മൂലം വാര്‍ഡോ, പോളിംഗ് സ്റ്റേഷനോ മാറിയിട്ടുണ്ടെങ്കില്‍ അവ തിരുത്തുന്നതിന് സ്വമേധയാ നടപടി സ്വീകരിക്കുന്നതിന് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 
യോഗത്തില്‍ എഡിഎം ഷൈജു പി ജേക്കബ്, ഡെപ്യുട്ടി കളക്ടര്‍മാരായ അതുല്‍ സ്വാമിനാഥന്‍, സുജ വര്‍ഗീസ്, മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.