വിനോദസഞ്ചാരികളുടെ പറുദീസയായ മൂന്നാറിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കിഫ്‌ബി സഹായത്തോടെ ഫ്‌ളൈഓവർ നിർമ്മിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി പൂർത്തിയാക്കുമെന്ന് ധനവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. അടിസ്ഥാനസൗകര്യവികസനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ജില്ലയിലെത്തിയതായിരുന്നു മന്ത്രി. വെള്ളപ്പൊക്കത്തിൽ നശിച്ചുപോയ മൂന്നാർ ആർട്സ് ആൻഡ് സയൻസ് കോളേജിന് പുതിയ കെട്ടിടം ഉടൻ നിർമ്മിക്കും. എഞ്ചിനീയറിങ് കോളേജ് കൂടുതല്‍ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും മൂന്നാറിന്റെ പ്രത്യേകതകള്‍ അനുസരിച്ചുള്ള കോഴ്സുകള്‍ കോളേജില്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ മേഖലകളിലെ വികസനപ്രവൃത്തികളുടെ അവലോകനത്തിന്റെ ഭാഗമായി മൂന്നാറിലെ എഞ്ചിനീയറിങ് കോളേജ് ,ആർട്സ് കോളേജ് , ദേവികുളം സി.എച്ച്.സി എന്നിവിടങ്ങൾ മന്ത്രി സന്ദര്‍ശിച്ചു. ദേവികുളം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും അദ്ദേഹം അറിയിച്ചു.
സന്ദര്‍ശനത്തില്‍ മന്ത്രിയോടൊപ്പം അഡ്വ.എ. രാജ എം.എല്‍.എ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷാ ദിലീപ്, ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി റോബിന്‍സണ്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.