തോട്ടം മേഖലയിലെ കോടതി കേസുകളുമായി ബന്ധപ്പെട്ട് പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന്  മന്ത്രി പി.രാജീവ് പറഞ്ഞു.   പ്ലാന്റേഴ്സ് മീറ്റിനെ തുടര്‍ന്ന് തോട്ടം മേഖലയില്‍നിന്നുള്ള പ്രതിനിധികളുമായി  സംസാരിക്കുകയായിരുന്നു മന്ത്രി. നിയമ, റവന്യൂ, വനം തുടങ്ങിയ വിവിധ വകുപ്പുകള്‍ ഒത്തുചേര്‍ന്ന് പ്ലാന്റേഷന്‍ ഡയറക്ടറേറ്റിന്റെ ഏകോപനത്തിലാകും കമ്മിറ്റി രൂപീകരണം. ഇതോടൊപ്പം സ്ഥിരം യോഗങ്ങളും ചേരും. കാര്‍ഡമം ഹില്‍സ് വനഭൂമിയാണെന്ന വനം വകുപ്പിന്റെ അവകാശവാദം സംബന്ധിച്ച് പ്രത്യേക ചര്‍ച്ച നടത്തുമെന്നുംഅദ്ദേഹം പറഞ്ഞു. പ്ലാന്റേഷന്‍ ഡയറക്ടറേറ്റിന്റെ വിവിധ സഹായ പദ്ധതികള്‍ സംബന്ധിച്ച് ലഘു പുസ്തകവും ഉടന്‍ പുറത്തിറക്കും.

എലം മേഖലയില്‍ ജൈവ രീതികള്‍ ശക്തിപ്പെട്ടു വരികയാണ്. കീടനാശിനി ഉപയോഗത്തിനനുസരിച്ച് വില കുറയും എന്നതിനാലാണിത്. മികച്ച കൃഷിരീതികള്‍  പിന്തുടരുന്ന കര്‍ഷകകൂട്ടായ്മകള്‍ക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും. തോട്ടം തൊഴിലാളികള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും ഭൂനിയമം സംബന്ധിച്ച ചട്ട ഭേദഗതി ജൂലൈയില്‍ പ്രാബല്യത്തില്‍ വരുമെന്നും  മന്ത്രി പറഞ്ഞു. പട്ടയഭൂമിയിലെ നിര്‍മ്മാണങ്ങള്‍ ക്രമവത്കരിക്കുകയാണ് ആദ്യഘട്ടം. നിലവിലുള്ള പട്ടയ ഭൂമിയിലെ പുതിയ നിര്‍മ്മിതികള്‍ രണ്ടാം ഘട്ടത്തിലാണ്. ചട്ട ഭേദഗതി നടപ്പാകുന്നതോടെ ഇടുക്കിയിലെ ദീര്‍ഘകാല പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

തോട്ടം മേഖലയില്‍നിന്നുള്ളവരുമായി നടത്തിയ ചര്‍ച്ചയില്‍ ജില്ലയില്‍ഉല്പാദിദിപ്പിക്കുന്ന ഏലത്തിന് ഇടുക്കി കാര്‍ഡമം എന്ന്  ജിയോ ടാഗ് ചെയ്യണമെന്നും കാര്‍ഡമം ഹില്‍സ് വന ഭൂമിയാണെന്ന വനം വകുപ്പ് വാദം സംബന്ധിച്ച കേസില്‍ സര്‍ക്കാര്‍  ഇടപെടണമെന്നും ന്ന് പ്ലാന്റര്‍മാര്‍ ആവശ്യപ്പെട്ടു.