എറണാകുളം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി ഫാര്‍മസിക്ക് മുന്നില്‍ ആക്രമണം. പെരുമ്പാവൂര്‍ മുടക്കുഴ സ്വദേശി സനുവിനാണ് പരുക്കേറ്റത്. തിരുവനന്തപുരം സ്വദേശി കുട്ടപ്പനെ പെരുമ്പാവൂര്‍ പൊലീസ് അറസ്സ് ചെയ്തു.

പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിക്ക് സമീപമായിരുന്നു സംഭവം. മരുന്ന് വാങ്ങാനെത്തിയ ആളുകളോട് മോശമായി പെരുമാറിയതിനും അസഭ്യം പറഞ്ഞതിനും ചോദ്യം ചെയ്ത പെരുമ്പാവൂര്‍ സ്വദേശി സനുവിനെ മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.പലതവണ വരഞ്ഞ് മുറിവ് വരുത്തി. ഇതിനിടെ സനുവിന്റെ കൈഞരമ്പ് ആഴത്തില്‍ മുറിഞ്ഞ് രക്തം വാര്‍ന്നൊഴുകി. ഗുരുതരമായി പരുക്കേറ്റ സനുവിനെ ഉടന്‍ തന്നെ കളമശ്ശേരി മെഡിക്കല്‍ കോളജിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോകുകയായിരുന്നു.

കൊലപാതക ശ്രമത്തിന് കേസെടുത്ത പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിടിയിലായ തിരുവനന്തപുരം സ്വദേശി കുട്ടപ്പന്‍ പത്തോളം വിവിധ കേസുകളില്‍ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി.