മൂന്നാർ: മാട്ടുപ്പെട്ടിയിലെ ജനവാസ മേഖലയിൽ വീണ്ടും കടുവ ഇറങ്ങി. മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലാണ് കഴിഞ്ഞ രണ്ടു ദിവസമായി കടുവയിറങ്ങിയത്. ആദ്യ ദിവസം രാത്രി കടുവ ലയങ്ങൾക്കു സമീപമുള്ള കന്നുകാലി തൊഴുത്തിലെത്തി. ഉറക്കത്തിലായിരുന്ന തൊഴിലാളികൾ കന്നുകാലികളുടെ ബഹളം കേട്ട് ഓടിയെത്തിയതോടെ കടുവ കാട്ടിലേക്ക് കടന്നുകളഞ്ഞു. തൊട്ടടുത്ത ദിവസം രാത്രിയിലും സമാന രീതിയിൽ കടുവ ലയങ്ങൾക്കു സമീപമെത്തിയെങ്കിലും തൊഴിലാളികൾ ബഹളം വച്ച് ഓടിച്ചു.
ഇന്നലെ രാവിലെ തൊഴിലാളികൾ നടത്തിയ പരിശോധനയിൽ ലയങ്ങൾക്കു സമീപമുള്ള സ്ഥലങ്ങളിൽ കടുവയുടെ കാൽപാടുകൾ കണ്ടെത്തി.രണ്ടു ദിവസം തുടർച്ചയായി കടുവ ജനവാസ മേഖലയിലിറങ്ങിയതോടെ ഭീതിയിലായിരിക്കുകയാണ് ജനങ്ങൾ. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ മാട്ടുപ്പെട്ടി ടോപ് ഡിവിഷനിൽ മാത്രം 18 കന്നുകാലികളെ കടുവ കടിച്ചു കൊന്നു. കഴിഞ്ഞ മേയ് 16 ന് പകൽ മാട്ടുപ്പെട്ടി ആർ ആൻഡ് ഡിയിൽ കുട്ടിയടക്കം 3 കടുവകളെ തൊഴിലാളികൾ നേരിട്ടു കണ്ടിരുന്നു. മാട്ടുപ്പെട്ടി മേഖലയിലെ കടുവശല്യം പരിഹരിക്കാൻ വനം വകുപ്പ് നടപടിയെടുക്കാത്ത പക്ഷം സമരപരിപാടികൾ നടത്തുമെന്ന് പ്രദേശവാസികൾ പറഞ്ഞു.