തൊടുപുഴ: ഓണക്കാലം അടുത്തപ്പോൾ വെളിച്ചെണ്ണയ്ക്ക് വില 500 കടന്നതോടെ ഓണം വറുതിലാകുമോ എന്ന ആശങ്കയിലാണ് മലയാളികൾ. വെളിച്ചെണ്ണവില കുതിച്ചുയരുന്നത് മലയാളിയുടെ നിത്യജീവിതത്തെപ്പോലും ബാധിച്ചിട്ടുണ്ട്. വെളിച്ചെണ്ണ വിലവർധന വിപണിയിൽ വ്യജഎണ്ണകളുടെ കടന്നുവരവിനും വഴിയൊരുക്കാൻ സാധ്യതയുണ്ടെന്നതും ആശങ്ക സൃഷ്ടിക്കുന്നു.
വെളിച്ചെണ്ണവിലയിൽ കൈപൊള്ളുന്ന മലയാളിക്ക് ഓണത്തിന് കുറഞ്ഞ നിരക്കിൽ വെളിച്ചെണ്ണ എത്തിക്കാൻ ലക്ഷ്യമിടുകയാണ് തൊടുപുഴ അരിക്കുഴയിലെ ജില്ലാ കൃഷിഫാം. ജില്ലാ പഞ്ചായത്തിന്റെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.
ഓണത്തിനുമുന്നേ വിപണിയിലെത്തും
എണ്ണവില കുത്തനെ വർധിച്ചതോടെയാണ് ജില്ലാ കൃഷിഫാമിൽ വെളിച്ചെണ്ണ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കാൻ ഇടുക്കി ജില്ലാ പഞ്ചായത്ത് തീരുമാനിച്ചത്. മൊത്തം 3000 തേങ്ങകൾ സൂക്ഷിച്ച് വെളിച്ചെണ്ണ ഉത്പാദിപ്പിക്കാനാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഇതിനായി ഫാമിൽ ഇടുന്ന തേങ്ങകളും ഫാമിലേക്ക് എടുക്കുന്ന തേങ്ങകളും സംഭരിക്കും. ഇവ ഡ്രയറിൽ ഉണക്കി വെളിച്ചെണ്ണയാക്കും. നിലവിൽ ആയിരത്തോളം ഉണക്കത്തേങ്ങ ഫാമിൽ സംഭരിച്ചിട്ടുണ്ട്. ഇതിനുപുറമേ 2000-തേങ്ങകൾകൂടി സംഭരിക്കാനാണ് ഉദ്ദേശിക്കുന്നത്. പൊതുവിപണിയിലെ വിലയിൽനിന്നു 100 മുതൽ 120 രൂപ വരെ കുറവിൽ ശുദ്ധമായ വെളിച്ചെണ്ണ വിൽക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഫാം അധികൃതർ പറയുന്നു.
എവിടെ ലഭിക്കും
വെളിച്ചെണ്ണ ഉത്പാദിപ്പിച്ചശേഷം പ്രധാനമായും കൃഷിഭവന്റെ ഓണച്ചന്തകൾ വഴിയാണ് വില്പന നടത്തുക. കൂടാതെ ജില്ലാ ഫാമിൽ നേരിട്ടും അരിക്കുഴ ജങ്ഷനിലെ സെയിൽസ് കൗണ്ടറുകൾ വഴിയും വില്പന നടത്തും. സാധാരണക്കാർക്കും കർഷകർക്കും ഇത് ഏറെ സഹായകരമാകും. ഓണത്തിന് രണ്ടാഴ്ച മുൻപെങ്കിലും കൃഷിഫാമിലെ വെളിച്ചെണ്ണ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.